കവിതകൾ
ആദ്യചുവട്
കുഞ്ഞിളം കാലുകൾ മെല്ലെ ചലിച്ചു.
അമ്മതൻ ഹൃത്ത്തതിൻ താളം പിടിച്ചു.
ആദ്യമായി പിച്ചനടന്നോരാ പൈതലിൻ,
ഭാവങ്ങൾ കണ്ടവൾ കോരിത്തരിച്ചു.
തന്നിലേക്കണയുന്ന കുഞ്ഞിനെ കാൺകെയാ,
കണ്ണുകൾ വിസ്മയഭാവം വരിച്ചു.
അരികിലായിയെത്തിയ പൈതലിൻ,
മേനിയെ വാരിപ്പുണർന്നുതൻ മാറോടണച്ചു.
'നീയെന്റെ ലോകം!' മെന്നോതിയാ പൈതലിൻ,
നെറുകയിൽ ചുംബനപ്പൂക്കൾ പൊഴിച്ചു.
വാത്സല്യമേറിയാ ചുംബനചൂടിൽ,
പൈതലോ അമ്മതൻ മാറിലൊളിച്ചു.
--------------------------------------------------------------------------------
ഭ്രാന്ത്
മനസ്സിന്റെ താളം പിഴച്ചു.
ഭ്രാന്തെന്നു പലരും വിധിച്ചു.
ഭ്രമിക്കുന്ന ചിന്തകൾ,
ഉള്ളിൽ നിറച്ചു.
അശ്വം കണക്കെ,
ഞാനും ഗമിച്ചു.
കല്ലുകളാൽ ചിലർ,
ഉന്നം പഠിച്ചു.
കണ്ടുനിന്ന ചിലർ,
ഊറിചിരിച്ചു.
ചിലരോ വെറുതെ,
ഉള്ളിൽ തപിച്ചു.
ഭ്രാന്തനായി അങ്ങനെ
ഞാനും രസിച്ചു.
--------------------------------------------------------------------------------
പേടി
ഷഡ്പദങ്ങൾ എങ്ങും പാറിപ്പറക്കുന്നു,
എന്റെ മനസ്സിലൊ ഭീതിപിറക്കുന്നു,
'അരികിൽ അണയുമോ?' എന്നൊരു ശങ്കയാൽ,
നെറ്റിത്തതടത്തിലായി സ്വേദം പൊടിയുന്നു.
ഗതകാലമോർക്കുമ്പോൾ, എന്റെ കർണ്ണങ്ങളിൽ,
ക്ലേശത്തിൻ ഹേതുവാമാചെറുപ്രാണികൾ,
തീർത്തോര ശബ്ദത്തിൻ മാറ്റൊലി
കേൾക്കുന്നു,
ഭീതിതൻ ശബ്ദങ്ങൾ വായ്മൊഴിയാകുന്നു.
എൻ ചെഷ്ടകൾതീർത്ത ഭാവങ്ങൾ
കാണകയാൽ,
പരിഹാസവാക്കുകൾ ചൊല്ലുന്നക്കൂട്ടരൊ,
ഓർക്കാതെ പോകുന്നു എന്റേയീ മാനസം,
ഭീതിയാൽ വിറക്കൊള്ളും
നിമിഷങ്ങളത്രയും.
പേടികൾ പലതരം, മാനുഷ്യചിന്തപ്പോൾ
ഓർത്തുക്കൊള്ളീടണം ഈവിധമെന്നുമെ,
ഭീതിയാൽ ഉഴറുന്ന മാനസ്സം കാൺകയാൽ,
ചേർത്തുനിർത്തീടണം കരുതലോടെന്നുമെ.
(എന്റെ മകന്റെ പേടിയാണ് ഞാൻ ഇവിടെ എഴുതിയിരിക്കുന്നത്)
--------------------------------------------------------------------------------
തൂവൽസ്പർശം
ഏകാന്തതയുടെ നിമിഷങ്ങളെ ഭേധിക്കാനാകാതെ,
ഹൃദയം വിങ്ങിക്കൊണ്ടിരുന്നു.
ജനലഴികളിൽ എന്റെ കൈപത്തി മുറുകുമ്പോൾ,
ഒരു കാറ്റ് എന്നെ തഴുകിത്തലോടി പോയിരുന്നു,
ഒരു തൂവലും സമ്മാനിച്ചുക്കൊണ്ട്.
എന്റെ ജാലകത്തിനരികിൽ മുറിവേറ്റ് വീണൊരു കിളിക്കായി,
ഞാനെകിയ കരുതലിനു നന്ദിയെന്നോണം,
അതെന്റെ വിരലുകൾക്കിടയിൽ പറ്റിപിടിച്ചിരുന്നു.
എന്നോടൊരു വാക്കുപോലും ചൊല്ലാതെ പോയവരുടെ കൂട്ടത്തിൽ,
അതെനിക്കൊരു അത്ഭുതമായി അനുഭവപ്പെട്ടു.
പ്രതീക്ഷയോടെ,
എന്റെ കണ്ണുകൾ ആകാശമാകെ ചുറ്റിതിരിഞ്ഞു.
--------------------------------------------------------------------------------
തനിച്ചാക്കാത്ത വീട്
ഓടിയെത്തുവാൻ ഓരോ നിമിഷവും,
കൊതിച്ചിടുമീവിധമെൻ മനം.
ആദ്യമായി പാദം പതിഞ്ഞൊരാ,
ജീവനാകുമെൻ ഗൃഹത്തിന്റ ഉള്ളിലായ്.
കാത്തു നിന്നീടും ശ്വേതമാം ചുവരുകൾ;
ചൊല്ലുവാനേറെ കഥകളുമായുള്ളിൽ.
കർണ്ണമൊന്നു ചേർത്ത് പിടിച്ചെന്നാൽ,
ശ്രവിച്ചിടാമേറെ പ്രിയമുള്ള കാര്യങ്ങൾ.
തനിച്ചായിപോയിടുമെന്നൊരു ചിന്തയിൽ,
ജനിച്ചിടും ശങ്കകളേതുമില്ലെനിക്കിന്നു;
ഓടിമറഞ്ഞിടുമവ കവാടത്തിനുമകലെയായി,
എൻ പ്രിയ ഭവനത്തിൽ ഞാൻ വസിച്ചീടുമ്പോൾ.
--------------------------------------------------------------------------------
നിൻ മുഖം കാണുവാൻ
ദീർഘമായൊരു കാലമിതത്രയും
കാത്തിരുന്നത് നിൻ മുഖം കാണുവാൻ
യാത്ര ചൊല്ലി പിരിഞ്ഞോരെൻ
പ്രിയ സഖി
ഓർത്തിരുന്നുവോ ഒരു നിമിഷമെങ്കിലും
എന്നെ?
യാത്രചൊല്ലട്ടെ ഞാനും എൻ പ്രിയസഖി
മാത്രകൾ എണ്ണിത്തീർത്തോരാ ദിനരാത്രങ്ങൾ ബാക്കിയാക്കി
എൻ പ്രണയവും മൂകമാക്കി
നിന്നെ ഓർത്തു തപിച്ചോരെൻ
ഹൃദയം നൊമ്പരത്തിൻ അലയാഴിയാക്കി.
കരഞ്ഞു തീർത്തോര കണ്ണുനീർ
തുള്ളികൾ നിനക്കുള്ള ജലധാരയാക്കി
കാത്തു നിന്നിടു ഈ വഴിത്താരയിൽ
ഒരു മാത്രയെങ്കിലും കണ്ടുകൊള്ളട്ടെ.
ധരണിയെ വിട്ടു പിരിയുമെന്നാത്മാവ്
ഒരു മാത്ര നിൻ മുഖം കണ്ടു കൊള്ളട്ടെ
--------------------------------------------------------------------------------
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ