വട്ടെഴുത്തുകൾ

 മരണം


വിലക്കപ്പെട്ട, പ്രതീക്ഷയുടെ
തീരത്തിനപ്പുറം,
മരണത്തിന്റെ ദ്വീപ്
എന്നെ കാത്തിരിപ്പുണ്ടാവുമോ?


യുദ്ധം


മനസ്സ് സംഘർഷംഭരിതം;
ചിന്തകളിൽ, നന്മയും തിന്മയും
തുല്യത കാക്കുബോൾ
ജയമാർക്ക്?


ഇൻഹെയ്ലർ


മനുഷ്യരുടെ കയ്യിലേക്കുള്ള
ദൂരം.. വിദൂരമല്ലെന്ന്, ഇൻഹയ്ലർ.
വിഷപ്പുക തുപ്പുന്ന
കുഴലുകൾക്ക് താഴെയിരുന്ന്,
ഞാൻ പറഞ്ഞു: “സ്വാഗതം.”


കൂട്ടുകച്ചവടം


"ചുട്ട കോഴിയെ
പറപ്പിക്കും," എന്ന് മന്ത്രവാദി.
"വേണ്ട, ഒരു റെസ്റ്റോറന്റ്
തുടങ്ങാം," എന്ന് ഞാനും.
കച്ചവടത്തിന്റെ ലാഭം — അങ്ങേക്ക്,
വയറിനു മോക്ഷം — എനിക്ക്.


നക്ഷത്രം


മാനത്ത് മിന്നുന്ന
നക്ഷത്രം അച്ഛനാണോ,
അമ്മെ? കുഞ്ഞിന് സംശയം.
അച്ഛൻ മറ്റൊരു
കൂരയിൽ ആണെന്ന്
പറയാനാവാതെ, അമ്മയുടെ
കണ്ണുകൾ നിറഞ്ഞു...


കാവൽക്കാരൻ


മുട്ടനാടുകളുടെ
"കാവൽക്കാരൻ" —
ഇനിമുതൽ, ഞാനത്രെ.
എത്ര സമർത്ഥമായിട്ടാണ്
എന്റെ "പുതുവേഷം",
അവരെ കബളിപ്പിച്ചത്...


സ്പെഷ്യൽ ചായ


ഒരു മിനിറ്റിൽ ആറിപ്പൊകുന്ന,
തിളച്ച ചായ ഉണ്ടാക്കാൻ,
അമ്മക്കെ കഴിയു...
ഒരു വിളി പ്രതീക്ഷിക്കുന്നു.


പ്രതീക്ഷ


മരിച്ചു, എന്ന് കേൾക്കുന്നു.
കല്ലറയാണ് ഭദ്രം.
ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ?


വേദനസംഹാരി


നിന്റെ പുഞ്ചിരി,
എന്റെ മനസ്സിന്റെ വേദനകളെ
ഇല്ലാതാക്കുന്ന —
"വേദനസംഹാരി."


ഹൃദയം


"നിങ്ങളുടെ ഹൃദയം കല്ലാണ്,"
ഭാര്യ പറഞ്ഞു.

"എന്തുകൊണ്ടു നിനക്കൊരു ശില്പി ആയിക്കൂടാ?"
ഞാൻ ചോദിച്ചു.

"എന്നാൽ… ഞാൻ ചുറ്റിക എടുക്കട്ടെ?"
എന്ന് ഭാര്യയും.

കളി… കാര്യമാകുമോ?



കൊറോണ


"ഇത്രേം മോശപ്പെട്ട
ശ്വാസകോശം കണ്ടിട്ടെല്ലെന്നു..." — കൊറോണ.
ഞാൻ, ഒരു സിഗരറ്റ് കത്തിച്ച്
ആഞ്ഞു വലിച്ചു.


അവഗണന


"ആരാണ് എന്നെ അവഗണിച്ചത്?"
മനസ്സിനോട് ചോദിച്ചു.
"അത്... നീ തന്നെയല്ലേ?"
മനസ്സ്, ഇടറിക്കൊണ്ട് പറഞ്ഞു.


കാറ്റ്


കാറ്റിനോടൊരു സ്വകാര്യം ചൊല്ലി,
നാട് മൊത്തം പാട്ടായി.


പഞ്ചാരമുറി


പഞ്ചാരമുറികളെ കുറിച്ചെഴുതാൻ,
ഞാൻ തയ്യാറെടുത്തു.
ഉറുമ്പുകൾ, എന്റെ ചുറ്റും
ക്ഷമയോടെ കാത്തുനിന്നു.


പിടച്ചിൽ


"മനസ്സിന് വല്ലാത്ത പിടച്ചിൽ..."
ഞാൻ പറഞ്ഞു.

"എന്നാൽ, ഞാൻ ഒരു വടി എടുക്കട്ടേ?"
ഭാര്യ ചോദിച്ചു.

മനസ്സ് ശാന്തം.


കണ്ണുനീർ


പലർക്കായി ഒഴുകി,
പല കാലങ്ങളിൽ.
ഒടുവിൽ —
എനിക്കായി ഒഴുകാൻ ഇല്ലാതെ,
അത് വറ്റിപ്പോയിരുന്നു.


വിശ്വാസം


പൂജിച്ച പേനകൊണ്ട്,
പരീക്ഷയ്ക്കിരുന്നു.
തുണ്ട് കടലാസ്സിനെ
വിശ്വസിച്ചതുകൊണ്ട്,
പരീക്ഷ ജയിച്ചു.


വിടവാങ്ങൽ


ആഗ്രഹങ്ങൾക്കന്ത്യമില്ല —
പക്ഷെ, ആശയങ്ങൾ മരിച്ചു പോയി.


പിശാച്


ഞാൻ എന്നിലേക്ക് നോക്കി;
അവൻ എവിടെയോ മറഞ്ഞിരിക്കുന്നു.


ഞാൻ


കഷ്ടപ്പാട് അറിയാത്തവന്,
എന്ത് ദുഃഖം?
അവർ പറഞ്ഞു —
"ശരിയായിരിക്കും..."
ഒറ്റപ്പെട്ടൊരു മുറി, ഇപ്പോഴും
മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു.
ഞാൻ അവിടെയിരുന്നോളാം.


ചതി


മനസ്സിൽ എഴുതി ചേർത്ത
പേരുകളിലേതിലോ,
എനിക്കത് സംഭവിച്ചിരിക്കുന്നു.


സ്റ്റാറ്റസ് അപ്ഡേറ്റ്സ്


മറന്നുപോകരുതെന്ന് ഓർമ്മിപ്പിക്കാൻ,
വല്ലപ്പോഴും ഇടാറുണ്ട്,
മറുപടി പ്രതീക്ഷിക്കാറില്ല.


അതിർത്തി


ഇല്ലാതാകേണ്ടത് ഈ മണ്ണിന്റെ വരമ്പുകളോ,
അതോ മനുഷ്യന്റെ മനസ്സിലെ വേലികളോ?


പുഞ്ചിരി


ഹൃദയത്തിൻ ഭാഷയല്ലോ പുഞ്ചിരി,
വിരിയട്ടെ ചുണ്ടിലായി അതെന്നുമേ.
നിറയട്ടെ സ്നേഹമാംമതിൻ രശ്മികൾ,
പുലരട്ടെ ശാന്തിയുള്ളൊരു ലോകവും.


ചിതൽ


മറഞ്ഞു തുടങ്ങുമെൻ ഓർമ്മകളോരൊന്നും,
എഴുതി നിറച്ചോരു താളുകളെല്ലാം —
ചിതൽ തിന്നു പോകാവെ കാലത്തിന് കൈകളിൽ,
സനാഥനീവിധം, അനാഥനായി തീരുന്നു...


നോട്ടം


പറയുവാനേറെയുണ്ടെന്നാലും,
വാക്കുകൾ നിലച്ച് പോകുന്നു.
ഹൃദയതുടിപ്പുകൾ ഏറുന്നു, 
പ്രിയസഖി, നിന്റെ നോട്ടം നീ പിൻവലിച്ചാലും.


മൗനം


കളിചിരികൾക്ക് വിരാമമിട്ട
ദിവസം, ഞാൻ അറിഞ്ഞു:
മൗനം മാത്രമായിരുന്നു എന്നും
കൂടെ ഉണ്ടായിരുന്നത് എന്ന്.


ജാതകദോഷം


ജ്യോതിഷി: "തന്റെ ജാതകത്തിൽ നിറയെ ദോഷമാണ്."
നോം: "പ്രതിവിധി?"
ജ്യോതിഷി: "നല്ല ചെലവ് വരും!"
നോം: "മാറ്റി എഴുതാൻ?"
ജ്യോതിഷി: "പകുതി മതി."
നോം: "എങ്കിൽ അങ്ങനെ ആവട്ടെ."
ജ്യോതിഷി: "ഉവ്വ്."


പുനർജ്ജന്മം


നിന്നിൽ നിറയുന്ന പ്രണയമാം അമൃതിൽ,
നിന്നോരുകണം നല്കീടുമോ?
​കാലപ്രവാഹത്തിൽ മൃതപ്രാണനായൊരെൻ,
ജീവന് പുനർജ്ജന്മം ഏകീടുവാൻ!


തലവര


അപമാനിക്കാൻ വേണ്ടി വരച്ച വര.
തലവര നന്നാവണത്രെ.
കാണാത്ത വര എവിടെ പോയി നന്നാക്കും?


പ്രിയതോഴി


പ്രിയതോഴി അലിവിന്റെ കടലാഴം,
സ്നേഹത്തിൻ തണലേകും തരുവാകും,
തളരുമ്പോൾ താങ്ങേകും പ്രിയമുള്ളോൾ,
ബന്ധത്തിൻ മൂല്യങ്ങൾ അറിയുന്നൊൾ.










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കഥകൾ

പാട്ടുപ്പെട്ടി