പാട്ടുപ്പെട്ടി

സൗഹൃദം

കെടാത്ത ദീപമായി എന്നുമീ സൗഹൃദം. 
തെളിഞ്ഞു നിന്നീടണം നമ്മളിൽ. 
തളരുന്ന നേരത്ത് തണലേകുവാനായി, 
എന്നും എന്നും ഒന്നായിരുന്നീടാം. 

എന്നും ഒന്നായിരുന്നിടാം, 
ഈ മണ്ണിലുള്ള നിമിഷം വരെ. 
എന്നും ഒന്ന് ചേർന്ന് പങ്കിടാം, 
നന്മയേറുന്ന ചിന്തകൾ.
ഒന്നായി ചേർന്നീ ലോകത്തിൻ ദീപമായിടം.

കണ്ണിൽ കത്തും ജ്വാലയായി.
നെഞ്ചിൽ നേരിൻ കനലുമായി.
മുന്നിൽ നിന്നും നയിച്ചിടാം പ്രിയ തോഴരെ. 

കെടാത്ത ദീപമായി എന്നുമീ സൗഹൃദം, 
തെളിഞ്ഞു നിന്നീടണം നമ്മളിൽ ...

-----------------------------------------------


ജന്മങ്ങളായി

ജന്മങ്ങളായി ഉള്ളോരെൻ കാത്തിരിപ്പിൻ, പുണ്യമായി നീ എൻ ചാരെ വന്നണഞ്ഞ നാൾ. 
ഞാൻ കണ്ടു തീർത്തൊരു, സ്വപ്നങ്ങൾക്കൊക്കെയും അർത്ഥം വന്നു ചേർന്ന നാൾ. 

തിളങ്ങുന്ന നിൻ കണ്ണുകളിൽ നോക്കി ഞാൻ ഇരിക്കെ. 
നാണത്താൽ സഖി നിന്റെ കവിൾ ചുവന്നു , 
മെല്ലെ നീ നിൻ മുഖം കുനിച്ചു. 
പ്രണയിനി നിൻ മുഖം നോക്കിരിക്കവേ ചുംബനം നല്കിടാൻ കൊതിച്ചു ഞാനും. 

വിറയാർന്ന നിൻ മൃദു വിരലുകളിൽ ഞാൻ മെല്ലെ സ്പർശിക്കവെ. 
ഇടങ്കണ്ണാലെന്നെ എന്നെ നീ നോക്കി നിന്നു, 
ചുണ്ടിൽ പുഞ്ചിരി പൂവിടർന്നു.
നിൻ ശ്വാസത്തിൻ ഗതി മെല്ലെയേറവേ 
മാറോടുചേർക്കുവാൻ കൊതിച്ചു ഞാനും.

-----------------------------------------------


പറയാതെ പോയി

പറയാതെ പോയൊരു പ്രണയം...
നെഞ്ചിൽ കനലായി നീറിടുന്നു.
അകലെയായി കാത്തുനിൽപ്പു...
നീ... അകന്നുപോകുമാ നിമിഷങ്ങളെണ്ണി.

കവിതകൾ എത്രെയോ എഴുതി വച്ചു,
നിനക്കു നൽകാൻ, പല കാലങ്ങളായി...
മിഴിനീര് വാർത്തുവോ എൻ പുസ്തകതാളുകളും?
പറയാതെ പോയൊരൻ മൊഴികളെയോർത്തു...
വിടരാതെ പോയൊരൻ പ്രണയത്തെയോർത്തു.

പറയാതെ പോയൊരു പ്രണയം...
നെഞ്ചിൽ കനലായി നീറിടുന്നു...

കനവുകളിൽ നീയൊരു മഴയായി
പെയ്തിരുന്നു...
എന്റെ മനസ്സിൽ കുളിരായി പടരും,
വശ്യമാം മാനന്ദധാര പോലെ...
പെയ്തുതോർന്നു എൻ സ്വപ്നങ്ങളും,
ആനന്ദവും... എൻ അഭിലാഷവും.

പറയാതെ പോയൊരു പ്രണയം...
നെഞ്ചിൽ കനലായി നീറിടുന്നു...

ഈ ജന്മമെന്നിൽ,
തളിർക്കാതെ പോയൊരൻ മോഹങ്ങളെ,
മൊഴിയാതെ പോയൊരൻ വാക്കുകളെ,
നൊമ്പരം പേറുന്ന ചിന്തകളെ —
എന്നിലലിഞ്ഞു കൊൾക.
കാലങ്ങൾ താണ്ടുവാൻ,
കൂട്ടിനായി നിങ്ങൾക്കും പൊന്നുകൊൾക...

പറയാതെ പോയൊരു പ്രണയം...
നെഞ്ചിൽ കനലായി നീറിടുന്നു.
അകലെയായി കാത്തുനിൽപ്പു...
നീ... അകന്നുപോകുമാ നിമിഷങ്ങളെണ്ണി.


-----------------------------------------------


പ്രണയനദി

ഒഴുകുന്നു പ്രണയത്തിൻ.. നദിയായി എന്നിൽ നീ, 
ആ പ്രണയത്തിൽ അലിയും കരയായി 
ഞാനും.
എൻ കനവെല്ലാം പൂക്കും.. വാക പൂക്കളാണു നീ,
അതിൻ മധുതേടും ശലഭമായി അരികെ ഞാനും.
അനുരാഗം ഹൃദയത്തിൽ കുളിർ കാറ്റുപോലെ തഴുകി,
നാം ഒന്നായി ചേർന്നിടും നിമിഷങ്ങൾ എണ്ണവേ...

അഴകിൽ അലിയും നിൻ മിഴികൾ തിരയും കണിയായി മാറീടാൻ.
അധരമുകുള മധു നുകരും പ്രണയ
പ്രിയ തൊഴാനായീടാൻ.

നെഞ്ചോരം നീ ചായും,
പ്രണയസുരഭില യാമങ്ങൾ തീരാതെ,
അനന്തമായി ഒഴുകട്ടെ ഈ കാലങ്ങൾ,
നമുക്കായി മാത്രം.

നീ മെല്ലെ ചേരുമ്പോൾ, ഹൃദയതന്ത്രി- യിൽ ചേരുന്നീ നാദത്തിൻ,
ശ്രുതിയിലനുപമ പ്രേമത്തിൻ കാവ്യങ്ങൾ നമുക്കായി മീട്ടാം.

ഈ ജന്മമെൻ മറുപാതിയായി,
നീ എന്നിൽ വന്നു ചേരുന്നൊരി,
പ്രിയ നാളുകൾ ഇനി അകലെയോ,
പ്രതിവാക്കിനായി കാതോർത്തു ഞാൻ.

നാം ഒന്നായി ചേർന്നിടും നിമിഷങ്ങൾ എണ്ണവേ...

അഴകിൽ അലിയും നിൻ മിഴികൾ തിരയും കണിയായി മാറീടാൻ.
അധരമുകുള മധു നുകരും പ്രണയ
പ്രിയ തൊഴാനായീടാൻ.

-----------------------------------------------

സ്വപ്നം

നീയെൻ അരികിൽ വന്നു. 
പ്രണയാർദ്രമാമൊരു ചുംബനം നൽകി
എൻ മാറിലായി ചേർന്ന് നിന്നു.
സൗരഭ്യമേറും നിൻ കൂന്തലിനഴകിൽ,
എൻ ചുണ്ടുകൾ മെല്ലെയമർന്നു.
വാരിപുണർന്നു ഞാൻ നിന്നെയെൻ
സ്വപ്നമേ.
മറഞ്ഞിടാതെ, നീ എന്നിൽ നിന്നും.

(നീയെൻ...)

എൻ മിഴികൾ അഴകേറുന്നവോ,
നിൻ മുഖം കാണുന്നോരാമാത്രയിൽ.
എൻ മൊഴികൾ മധുവാകുന്നതോ,
നാം വാചാലമാകുമാ നിമിഷങ്ങളിൽ(2)
നീയെന്റെ ചാരെയായി നിന്നീടവേ
പൂർണ്ണമാകുന്നത് ഞാൻ അല്ലയോ
നീയെന്നിൽ നിന്നും അകന്നീടവേ
ശൂന്യമാകുന്നതും ഞാൻ അല്ലയോ

(നീയെൻ....)

എന്നാത്മ വ്യഥകൾ ഞാൻ വിസ്മരിപ്പു, 
മോഹിതമാകുംനിൻ പുഞ്ചിരിയിൽ. 
നിൻ സ്നേഹ ഭാഷ്യങ്ങളെന്റെ ഉള്ളിൽ,
ഒഴുകുന്നു സംഗീത ധാര പോലെ. (2)
എൻ ജീവ സ്പന്ദനമാകുന്നൊളെ.
എൻ, ആനന്ദ ഭാവങ്ങൾ പേറുന്നൊളെ.
നീയെന്നിൽ നിന്നും അകന്നുവെന്നാൽ,
ശൂന്യമായിപ്പോവതും ഞാൻ അല്ലയോ.

(നീയെൻ....)

-----------------------------------------------


അമ്മ ദുഃഖം

അറിയാതെ പോയി, എന്മകനെ.
നിൻ ചിരികളും, തേങ്ങലുകളും.
എൻ നേർക്കു നീളുമാ കയ്യുകളും.
വാത്സല്യം തേടുമാ നോട്ടങ്ങളും.
(അറിയാതെ പോയി)

ഇന്നു നിൻ ദുഃഖങ്ങൾ നെഞ്ചിലേറ്റി,
പഴിവാക്കുകൾ കേട്ട് ഞാനിരിക്കെ. (2)
ഒരു മാത്ര മുന്നിൽ നീ വന്നുവെങ്കിൽ,
വാരിപ്പുണർന്നു ഞാൻ ചൊല്ലിയേനെ.
മാപ്പ് തന്നീടുക ഈ ജന്മം അമ്മക്ക്,
എന്മകനെ, എൻ... പൊന്മകനെ. 

(അറിയാതെ പോയി)

വ്യർത്ഥമാം ഓർമ്മകൾ ഉള്ളിലേറ്റി,
ചിന്താഗ്നയിൽ പെട്ട് ഞാൻ ദഹിക്കെ. (2)
ഒരു മാത്ര കാലം ചലിച്ചുവെങ്കിൽ,
പിന്നിലേക്കായി, കൊതിപോയി ഞാൻ.
നിൻ അമ്മയായി പുനർജ്ജനിക്കാൻ,
നിൻ കാവലാളായി തീർന്നീടുവാൻ.

(അറിയാതെ പോയി

-----------------------------------------------

അയാൾ

എൻ നേർക്കു നീളുന്ന മിഴിമുനയും.
മന്ദസ്മിതം തൂകും അധരങ്ങളും. 
പറയാതെ പറയുന്നതെന്താണോ.
അറിയാനെൻ മനസ്സിനൊരാഭിനിവേശം. 

(എൻ നേർക്കു നീളുന്ന...)

മുടിയിഴകോതി ഞാൻ ഈ രാവിൽ,
നിന്നെയും ഓർത്തു കിടന്നീടവേ.
നിൻ മന്ദഹാസത്തിൻ ചാരുതയെൻ,
അധരങ്ങളും കവർന്നെടുക്കെ.
ഒരു മാത്ര കാണാൻ കൊതിച്ചു പോയി. 
വെറുതെ.. മിണ്ടാൻ കൊതിച്ചുപോയി.

(എൻ നേർക്കു നീളുന്ന...)

ഈ നേരമത്രയും നിന്നെയൊർത്ത്
കാത്തുനിൽപ്പു ഞാൻ, ഈ വഴിയിൽ.
കാണാതെ നീളുന്ന നിമിഷങ്ങളൊക്കെ,
കഠിനമായി മാറുന്നതെന്തു കൊണ്ട്.
മനസ്സും മൗനമായി കാത്തിരിപ്പു,
നാം, പരിചിതമാകുമാ നാൾ വന്നിടാൻ

(എൻ നേർക്കു നീളുന്ന...)

-----------------------------------------------


അവൾ ഒറ്റക്കാണ്

ഏകാന്തമാണെൻ ദിനങ്ങളെല്ലാം

നീയില്ലാതായൊരു നാൾമുതൽക്കേ
നിൻ ഓർമ്മകൾ പോലും ഇന്നെനിക്കു
അന്യമായി തീരുന്നതെന്തു കൊണ്ടു

(ഏകാന്തമാണെൻ.....)

നിറങ്ങളാൽ ചാലിച്ചൊരാസ്വപ്നങ്ങൾ
ഇന്നെന്റെ ഉള്ളിൽ ഇരുൾമൂടവേ
കാതിൽ കേട്ടൊരു തേൻമൊഴികൾ
നിശബ്ദമായി തീർന്നു പിൻവാങ്ങവേ(2)
അറിയുന്നുവൊ നീ എൻ പ്രിയനേ
ചേതനയറ്റൊരെൻ ആത്മഗതം

(ഏകാന്തമാണെൻ.....)

ഹൃദയങ്ങളാൽ തമ്മിൽ മൊഴിഞ്ഞതെല്ലാം
വിഫലമായി മാറുന്നോരീ വേളകൾ
നീയെന്നൊരാൾ തീർത്ത വിങ്ങലുകൾ
നെഞ്ചേറ്റി താണ്ടുന്നോരീ യാത്രകൾ(2)
കാണുന്നുവോ നീ എൻ പ്രിയനേ
ഏകയായ്‌ പോയൊരെൻ നൊമ്പരങ്ങൾ

(ഏകാന്തമാണെൻ....)

-----------------------------------------------

എന്നിൽ നിറഞ്ഞവൾ


നീയെന്റെ ഉള്ളിൽ പ്രണയർദ്രമാമൊരു 
സംഗീതമായി ഒഴുകുന്നു.
രാഗാർദ്രമാമതിൻ താളലയങ്ങളിൽ
ഞാൻ അലിയുന്നു.

(നീയെന്റെ ഉള്ളിൽ...)

നിമിഷങ്ങളറിയാതെ പോയിടുന്നു
ഹൃദയംഗമയി നിൻ സാമിപ്യത്താൽ(2)
നീയെൻ മിഴികളിൽ ആനന്ദമേകു
ന്നോരശ്രുകണങ്ങളായി മാറുന്നിതാ

(നീയെന്റെ ഉള്ളിൽ....)

അറിയാതെൻ മാനസം കൊതിച്ചിടുന്നു 
തീരാതിരുന്നെങ്കിൽ നിൻ പ്രവാഹം (2)
എന്നന്തരംഗത്തിൽ നീരോടുമനുരാഗ
നദിയാകും, യമുനപോൽ ഒഴുകീടട്ടെ

(നീയെന്റെ ഉള്ളിൽ....)

-----------------------------------------------

ബാല്യകാലം

ബാല്യകാലത്തിൻ ഓർമ്മകൾ എന്നിൽ 
അലയടിച്ചുയരുബോൾ. 
വാത്സല്യമേറിയൊരാനിമിഷങ്ങൾ
എൻ നഷ്ടങ്ങളാകുമ്പോൾ. 
ഹൃദയത്തുടിപ്പുകൾ ഏറിടുന്നു.
മിഴികളോ ഈറനണിഞ്ഞിടുന്നു.
ആ സ്നേഹതീരം പുണരുവനെന്മനം,
ഏറെ കൊതിച്ചിടുന്നു..
ഏറെ കൊതിച്ചിടുന്നു.

(ബാല്യകാലത്തിൻ....)

മുല്ലപ്പൂ മണമുള്ള മുറ്റം നിറയെ,
ഓടിനടന്നോരാ നാളുകളും.
ചുറ്റുംനിറയും, പ്രിയ- മുള്ളോർക്കൊപ്പം,
ആർത്തുചിരിച്ചൊരാ നിമിഷങ്ങളും.
ഓർത്തിടുമ്പോളെൻ മേനിയാകെ
പുളകിതമാകുന്നോരീ മാത്രയും...
പുളകിതമാകുന്നോരീ മാത്രയും.

(ബാല്യകാലത്തിൻ....)

കളികൾ പറഞ്ഞെന്റെ കൂട്ടരുമൊത്ത്,
നീന്തിതുടിച്ചൊരാ പൊയ്കകളും.
അദ്യാനുരാഗത്തിൻ അക്ഷരങ്ങൾ, 
നിൻ, പേരുചൊല്ലുന്നോരാ നാളുകളും.
എൻ, മാനസഭൂവിൽ ആനന്ദവല്ലികൾ,
മുകുളിതമാകുന്ന പുണ്യകാലം...
മുകുളിതമാകുന്ന പുണ്യകാലം.

(ബാല്യകാലത്തിൻ....)

-----------------------------------------------

കാത്തിരിപ്പ്

നൊമ്പരകടലുകൾ ആർത്തരമ്പുന്നു 
മനം, ചിന്തതൻ ചുഴിയിലാഴ്ന്നുപ്പോ-
കുന്നു. 
പ്രാണനായിക്കേഴുന്നോരെൻ വിളികൾ,
ഇന്നും കാലം വിസ്മരിക്കുന്നു.

(നൊമ്പരകടലുകൾ....)

തനിച്ചായിരിക്കുമ്പോൾ ഓർമ്മകൾ 
തീർക്കുന്ന,
കാരാഗ്രഹത്തിന്റെ വേദനകൾ.
ഒടുങ്ങാത്ത ചിതപോലെ നീറിപ്പുകയുന്ന
ഹൃദയത്തിൻ, തീരാത്ത വിങ്ങലുകൾ.
മരണമേ നീയെത്ര ദൂരെയാണ്?
എൻ, കാത്തിരിപ്പിൻ ദിനങ്ങളേറെയാണോ?

(നൊമ്പരകടലുകൾ...)

മനസ്സിൽനിന്നവസാന മോഹവും മായവേ,
വെറുതെഞാൻ നോക്കി തപിച്ചു നിന്നു.
അരുതേയെന്നോതുവാൻ ഉഴറിയകണ്ഠത്തിൽ,
വാക്കുകൾ എന്നെ മരിച്ചിരുന്നു.
സ്നേഹമേ നീയെത്ര ദൂരെയാണ്?
എൻ, മനസ്സിൽനീയിപ്പോഴുമരികിലാണ്.

(നൊമ്പരകടലുകൾ...)

-----------------------------------------------

പ്രണയാർദ്രമായി

പിൻവിളിയോടെയെൻ അരുകിൽ വന്നു. 
വിരലുകൾ കോർത്തുനാം മെല്ലെ.... 
മൗനം നിറയുന്ന മാത്രകളത്രെയും, പുഞ്ചിരിത്തൂകി നടന്നു.
നാം പുഞ്ചിരിത്തൂകിനിന്നു നടന്നു.

(പിൻവിളിയോടെയെൻ...)

തിങ്കളിൻസ്മിതമൂറും രാവിതിലായി, 
നക്ഷത്രക്കൂടാര.. കീഴിൽ നമ്മൾ. 
മൂകമായിത്താണ്ടുന്ന പാതകളിൽ, 
കുസൃതിയായിവന്നൊരു, കാറ്റുമെല്ലെ.
നിൻമുടിയിഴകളിൽ കളിയാടാവേ- യവ
എന്മുഖം പുല്കുന്നു പ്രണയർദ്രമായി.
എന്മുഖം പുല്കുന്നു പ്രണയർദ്രമായി.

(പിൻവിളിയോടെയെൻ...)

ദൂരങ്ങളേറെ നാം താണ്ടിടുമ്പോൾ, 
നീയെന്റെ തോളിലായി ചാഞ്ഞു മെല്ലെ.
ചേർത്തുപിടിച്ചു നിൻ കാതുകളിൽ ഞാൻ, അനുരാഗഗീതികൾ പാടിടുമ്പോൾ
എന്നെ നിൻ മാറോടണച്ചു മെല്ലെ,
നീ, ചുംബനപ്പൂക്കൾ പൊഴിച്ചീടവേ.
എന്മനം, നിറയുന്നു പ്രണയാർദ്രമായി.

(പിൻവിളിയോടെയെൻ...)

-----------------------------------------------





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വട്ടെഴുത്തുകൾ

കഥകൾ